'പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്'; കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്തണത്തില്‍ ഹൈക്കോടതി

പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടതെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ചോദിച്ച കോടതി പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാന്‍ ആകുമെന്നും ചോദിച്ചു.

നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. പെണ്‍കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. പെണ്‍കുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കില്‍ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകള്‍ സംസ്ഥാനത്തുണ്ടെന്നും ഇവിടത്തെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇല്ലേ എന്നും കോടതി ചോദിച്ചു.

കേസ് പരിഗണിക്കുന്ന ജഡ്ജിനു പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിര്‍ക്കുന്നത് എന്ന വിമര്‍ശനം കണ്ടു. എന്റെ അടുത്ത ബന്ധുക്കള്‍ ആയ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഡല്‍ഹിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു