എടുത്തിട്ട് പൊങ്ങാതെ തൃശൂര്‍, അങ്ങനങ്ങ് വിട്ടു കൊടുക്കില്ലെന്ന് പ്രതാപന്‍, സുരേഷ് ഗോപിയെ ട്രോളി പ്രതാപന്‍

മതനിരപേക്ഷതയുടെ വിജയമാണ് തൃശൂരില്‍ ഉണ്ടായതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. ചലച്ചിത്ര താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു തൃശൂരിലേത്.

പ്രചാരണ വേളയില്‍ തൃശൂര്‍ എനിക്ക് വേണം. തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരം നേടിയിരുന്നു. ജയമുറപ്പിച്ച ശേഷമാണ് സുരേഷ് ഗോപിക്ക് ട്രോളിക്കൊണ്ട് പ്രതാപന്‍ മറുപടി നല്‍കിയത്. തൃശൂര്‍ക്കാര്‍ തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്നായിരുന്നു പ്രതികരണം.

ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎന്‍ പ്രതാപന്‍ തൃശൂരില്‍ വിജയം ഉറപ്പിക്കുന്നത്. തുടക്കത്തില്‍ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടതു മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതാപന്റെ ലീഡ് മറി കടന്നില്ലെന്നതും ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തികേന്ദ്രങ്ങളില്‍ പോലും ആധിപത്യം ഉറപ്പിക്കാന്‍ സുരേഷ് ഗോപിക്കായില്ല.