മരംമുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂ മന്ത്രി; തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കണമെന്നും നിർദേശം

വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കണമെന്നും ഇ ചന്ദ്രശേഖരൻ നിർദേശിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മരംമുറി ഉത്തരവുമായി ബന്ധപ്പെട്ടുള്ള ഫയലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചിരുന്നു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നിർദേശം അതേപടി പാലിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

കർഷകർ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയതെന്നാണ് ഇ ചന്ദ്രശേഖരൻ പറയുന്നത്. ഭൂമി കൈമാറുന്നതിന് മുൻപുള്ള മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാൻ വനംവകുപ്പ് പാസ് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചു എന്നുമാണ് കണ്ടെത്തൽ.