രാഷ്ട്രീയ നേട്ടത്തിനായി ഗൂഢാലോചനയില്‍ കുടുക്കി; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഷാജ് കിരണ്‍

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിച്ചു. തമിഴ്നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്.

സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ തന്റെ കയ്യിലുണ്ടെന്നും അത് വീണ്ടെടുക്കാനാണ് തമിഴ്നാട്ടിലേക്കാണ് പോയതെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജ് കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സ്വപ്‌നയുടെ ആരോപണം.

അതേസമയം മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഗൂഢാലോചന നടത്തിയത് താനല്ല, ജലീലും കൂട്ടരുമാണെന്നും സ്വപ്ന പറയുന്നു. രഹസ്യമൊഴിയില്‍ ജലീലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും കഴിഞ്ഞദിവസം സ്വപ്ന അറിയിച്ചിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് വ്യക്തമാക്കി. കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. ഇത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്ന് സ്വപ്നയും പറഞ്ഞിരുന്നു.