വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം; ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചു

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയപാതയില്‍ മംഗലംപാലം ഭാഗത്തെ റോഡ് ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി.

റോഡ് അടച്ചതോടെ ഇനിമുതല്‍ വടക്കഞ്ചേരി ടൗണില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മംഗലം ജംഗ്ഷനില്‍ എത്തുന്നതിനു മുന്‍പുള്ള നെന്മാറ റോഡിലേക്ക് കടന്ന് സര്‍വീസ് റോഡ് വഴി മംഗലം അടിപ്പാതയിലൂടെ പ്രവേശിച്ചുവേണം ദേശീയപാതയിലേക്ക് കയറാന്‍. അല്ലെങ്കില്‍ റോയല്‍ ജംഗ്ഷനിലേക്ക് പ്രവേശിച്ച ശേഷം വലിയ വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് അടുത്തുള്ള സര്‍വീസ് റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കണം.

വടക്കഞ്ചേരി പൊലീസും മോട്ടോര്‍ വാഹന വകുപ്പുംകരാര്‍ കമ്പനിയും ചേര്‍ന്നാണ് ദേശീയപാതയില്‍ മംഗലം പാലം ഭാഗത്തെ റോഡ് ബാരിക്കേഡ് വച്ച് പൂര്‍ണ്ണമായും അടച്ചത്. പ്രദേശത്ത് ട്രാഫിക് പൊലീസിനെയും വിന്യസിക്കും.

പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. സിഗ്‌നല്‍ ജംഗ്ഷനില്‍ മഞ്ഞ വരകള്‍ മാര്‍ക്ക് ചെയ്ത് അപകട സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെയാണ് ബാരിക്കേഡ് വച്ച് റോഡ് പൂര്‍ണമായും അടച്ചത്.