കൂലിത്തർക്കം; റേഷൻകടകളിൽ എത്തേണ്ട അരി ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നു

തൊഴിലാളി യൂണിയനുമായുള്ള കൂലിത്തർക്കത്തെ തുടർന്ന് സൗജന്യ അരി ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് എൻഎഫ്എസ്‌എ ഗോഡൗണിലേക്ക് എറണാകുളം കാലടിയിൽ നിന്നെത്തിച്ച ലോഡാണ് വഴിയിൽ കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെയെത്തിച്ച അരിയുടെ ലോഡ് 10 മണിക്കൂറായി കെട്ടിക്കിടക്കുകയാണ്. അരി ഇറക്കുന്നതിന് വണ്ടി ഉടമകൾ കൂലിക്ക് പുറമെ 800 രൂപ നൽകണമെന്നാണ് തൊഴിലാഴികളുടെ ആവശ്യം.

കൊറോണ കാലത്ത് ജനങ്ങൾക്ക് എത്തിക്കാനുള്ള അരിയാണെന്ന് പറഞ്ഞിട്ടും തൊഴിലാളി സംഘടനകൾ പിന്മാറിയില്ലെന്ന് ഡ്രൈവർ പറയുന്നു. സിഐടിയു പ്രവർത്തകർ കൂടുതൽ കൂലി ചോദിച്ചത് മൂലം ലോഡ് ഇതുവരെയും ഇറക്കാനായില്ലെന്ന് അരിയുമായി എത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു.

എറണാകുളം കാലടിയിലെ ഗോഡൗണില്‍ നിന്നും മൂന്ന് ലോഡുകളിലായി രണ്ടായിരം ചാക്ക് അരിയാണ് എത്തിയത്. സാധാരണനിലയില്‍ മൂന്നൂറ് രൂപയാണ് ഇറക്കുകൂലിയായി നല്‍കുന്നത് ഈ സ്ഥാനത്താണ് ഇവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.