ചീരാലിലെ കടുവ പിടിയില്‍; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍

വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

10 വയസ് പ്രായം ഉള്ള ആണ്‍ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍ കടുവയ്ക്ക് പ്രാഥമിക ചികില്‍സ നടത്തും.

രാത്രിയും പകലും പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭീതിയിലായിരുന്നു ചീരാലിലെ പ്രദേശവാസികള്‍. 13 ഓളം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഒന്‍പതു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തു. കന്നുകാലികള്‍ കൊല്ലപ്പെട്ട ഒന്‍പതു കര്‍ഷകര്‍ക്ക് ഇതുവരെ 6,45,000 രൂപ നഷ്ടപരിഹാരമായി വനംവകുപ്പ് നല്‍കി.

വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തിയത്. ഉള്‍വനത്തിലടക്കംവനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയില്‍ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല

കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ് സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍ആര്‍ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.