കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ബി.ഡി.ജെ.എസും; വയനാട്ടില്‍ മത്സരിക്കാന്‍ തുഷാറിന് താത്പര്യമെന്ന് സൂചന

വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കുകയാണ് ബിഡിജെഎസും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സീറ്റ് ഏറ്റെടുക്കുന്നതിന് ബിജെപിക്ക് താത്പര്യമുണ്ട്. പക്ഷേ വിട്ടു കൊടുക്കാന്‍ ബിഡിജെഎസിന് ആഗ്രഹമില്ല. കാരണം രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ബിഡിജെഎസിനായി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിച്ചേക്കും.

ഇന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് തുഷാര്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നാണ് തുഷാറിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ അതിനുസരിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് തുഷാര്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്. ഇരു സീറ്റുകളിലും തീരുമാനമായില്ല. തൃശ്ശൂര്‍ സീറ്റില്‍ താന്‍ മത്സരിക്കണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. ഇത് ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ കേരളത്തില്‍ മത്സരിക്കാത്ത പക്ഷേ തൃശൂരില്‍ തുഷാര്‍ മത്സരിക്കുമെന്നാണ് വിവരം.

ആലത്തൂര്‍- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവന്‍, ഇടുക്കി- ബിജുകൃഷ്ണന്‍ എന്നിവര്‍ ബിഡിജെഎസിനായി മത്സരിക്കും.