പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ 3 പേര്‍ തിരിച്ചെത്തിയില്ല, തിരച്ചില്‍ തുടരുന്നു

മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികല്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെയാണ് കടലില്‍ കാണാതായത്. വെള്ളിയാഴ്ച മീന്‍ പിടിക്കാന്‍ പോയ ഇവരുടെ വള്ളം തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബര്‍ വള്ളത്തില്‍ ഇവര്‍ പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഇവര്‍ തിരിച്ച് എത്തേണ്ടതായിരുന്നു. എന്നാല്‍ വൈകിട്ട് ആയിട്ടും തിരികെ എത്താതായതോടെയാണ് ബന്ധുക്കളും വള്ളത്തിന്റെ ഉടമയും പരാതിപ്പെട്ടത്. ഉടമ ഷഫീഖിന്റെ പരാതിയില്‍ ഫിഷറീസ് പട്രോള്‍ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇന്ന് രാവിലെ മുതല്‍ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. തീര രക്ഷാ സേനയുടെ കപ്പലും, ഹെലികോപ്റ്ററിലും അടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. കടലിലുള്ള ബോട്ടുകളെ വയര്‍ലെസ് മുഖേന കാണാതായ ബോട്ടിന്റെ വിവരങ്ങള്‍ അറിയിച്ചിച്ചിട്ടുണ്ട്. ഉള്‍ക്കടലിലേക്ക് പോകാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്. നിലവില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്.