നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

ലഹരിക്കെതിരെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്തുന്നതിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് ടികെ അഷ്‌റഫിനും എസ്വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കും എതിരെയാണ് ആര്‍ ബിന്ദു നിലപാട് വ്യക്തമാക്കിയത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാലഹരണപ്പെട്ട കാഴ്ചപ്പാടുകള്‍ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമെന്ന് മന്ത്രി പറഞ്ഞു. മതസംഘടനകളുടെ എതിര്‍പ്പ് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതല്‍ കരുത്തോടെ കൊണ്ടുവരാന്‍ ഓരോ ശക്തികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

Read more

മനുഷ്യത്വപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ പുരുഷന്‍ മാത്രമല്ല, സ്ത്രീയും അതില്‍ ഉള്‍പ്പെടുന്നു. അവരും ഈ ലോകത്തിന്റെ അവകാശികളാണെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സുംബ ഡാന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.