തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല; വിശദമായ മറുപടി രേഖാമൂലം നല്‍കും

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച് സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.

കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഹാജരാകാനുള്ള സമന്‍സ് ഇ മെയില്‍ വഴി ലഭിച്ചു. ആദ്യ സമന്‍സും ഇതും തമ്മില്‍ വ്യത്യാസമുണ്ടെന്നും തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു.

പത്ത് വര്‍ഷകാലത്തെ അക്കൗണ്ട്, സ്വത്തുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇഡിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല. വിരട്ടിയാല്‍ ഭയപ്പെടും എന്ന തോന്നലാണ് ചിലര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ഹാജരായിരുന്നില്ല. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.