'ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്, സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്'; കെ ടി ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ

കെ ടി ജലീലിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തവനൂരിൽ ‘ടൂറിസ്റ്റ്’ ആയ എം.എൽ.എയുടെ അസ്വസ്ഥതകൾ തിരിച്ചറിയുന്നുവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ​കെ ടി ജലീൽ തനിക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിച്ചുവെന്നും വരികൾക്കിടയിലെ പരിഭ്രമവും വ്യക്തിഹത്യ നടത്താനുള്ള വെമ്പലും കാണുമ്പോൾ തവനൂരിലെ ജനമനസ്സുകളിൽ നിന്ന് താങ്കൾ എത്രത്തോളം അകന്നുപോയി എന്ന് താങ്കൾ തന്നെ ഭയപ്പെടുന്നുണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും തവനൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിക്കുന്നതിന് മുൻപേ ജലീൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തനാകുന്നതെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു. ആര് മത്സരിക്കണം എന്നത് ജനാധിപത്യ പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു പേര് കേൾക്കുമ്പോഴേക്കും താങ്കൾക്കുണ്ടാകുന്ന ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണെന്നും സന്ദീപ് വാര്യർ പറയുന്നു.

“ഇനി മത്സരത്തിനില്ല” എന്ന് രാവിലെ പറയുകയും വൈകുന്നേരമാകുമ്പോഴേക്കും നിലപാട് മാറ്റുകയും ചെയ്യുന്ന താങ്കളുടെ ഈ മലക്കംമറിച്ചിലുകൾ കേരളം കാണുന്നതാണ്. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ഉറപ്പില്ലാത്തവർ മറ്റുള്ളവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഹാസ്യാസ്പദമാണ്. മുൻപ് ഞാൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ്, അത് പരസ്യമായി തള്ളിപ്പറഞ്ഞാണ് ഞാൻ മതേതര പക്ഷത്തേക്ക് വന്നത്. അത് കേരളം അംഗീകരിച്ചതുമാണ്. എന്നാൽ പഴയ കാര്യങ്ങൾ ചവിട്ടിപ്പിടിച്ച് ഇന്നും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പാപ്പരത്തമാണ് എന്നും സന്ദീപ് വാര്യർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

തവനൂരിൽ ‘ടൂറിസ്റ്റ്’ ആയ എം.എൽ.എയുടെ അസ്വസ്ഥതകൾ തിരിച്ചറിയുന്നു; കെ.ടി. ജലീലിനുള്ള മറുപടി.
​ശ്രീ കെ.ടി. ജലീൽ എനിക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. വരികൾക്കിടയിലെ പരിഭ്രമവും വ്യക്തിഹത്യ നടത്താനുള്ള വെമ്പലും കാണുമ്പോൾ ഒരുകാര്യം വ്യക്തമാണ്—തവനൂരിലെ ജനമനസ്സുകളിൽ നിന്ന് താങ്കൾ എത്രത്തോളം അകന്നുപോയി എന്ന് താങ്കൾ തന്നെ ഭയപ്പെടുന്നുണ്ട്.
​ചില വസ്തുതകൾ അങ്ങയെ ഓർമ്മിപ്പിക്കട്ടെ.. ​സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. തവനൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിക്കുന്നതിന് മുൻപേ ജലീൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തനാകുന്നത്? ആര് മത്സരിക്കണം എന്നത് ജനാധിപത്യ പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു പേര് കേൾക്കുമ്പോഴേക്കും താങ്കൾക്കുണ്ടാകുന്ന ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്.
​അപ്രത്യക്ഷനായ ജനപ്രതിനിധി: കഴിഞ്ഞ അഞ്ചുവർഷം തവനൂരിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം യാത്രാവിവരണങ്ങൾ എഴുതുന്നതിനും മണ്ഡലത്തിന് പുറത്തെ വിവാദങ്ങളിൽ അഭിരമിക്കുന്നതിനുമാണ് താങ്കൾ സമയം കണ്ടെത്തിയത്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ വിദ്വേഷ രാഷ്ട്രീയം പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് തവനൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
​നിലപാടില്ലായ്മയുടെ രാജകുമാരൻ: “ഇനി മത്സരത്തിനില്ല” എന്ന് രാവിലെ പറയുകയും വൈകുന്നേരമാകുമ്പോഴേക്കും നിലപാട് മാറ്റുകയും ചെയ്യുന്ന താങ്കളുടെ ഈ മലക്കംമറിച്ചിലുകൾ കേരളം കാണുന്നതാണ്. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ഉറപ്പില്ലാത്തവർ മറ്റുള്ളവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഹാസ്യാസ്പദമാണ്.
മുൻപ് ഞാൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ്, അത് പരസ്യമായി തള്ളിപ്പറഞ്ഞാണ് ഞാൻ മതേതര പക്ഷത്തേക്ക് വന്നത്. അത് കേരളം അംഗീകരിച്ചതുമാണ്. എന്നാൽ പഴയ കാര്യങ്ങൾ ചവിട്ടിപ്പിടിച്ച് ഇന്നും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പാപ്പരത്തമാണ്. താങ്കൾ മുൻപ് പ്രവർത്തിച്ച പ്രസ്ഥാനങ്ങളെക്കുറിച്ച് എനിക്കും പറയാനുണ്ടാകും, പക്ഷേ രാഷ്ട്രീയ മര്യാദ ഉള്ളതുകൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.
​ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് നടത്തുന്ന വിദ്വേഷ ക്യാമ്പയിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള മറുപടി ഫേസ്ബുക്കിലല്ല, കോടതിയിലാണ് നൽകേണ്ടത്. നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം അവിടെ തെളിയട്ടെ.
​തവനൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയുള്ള മാറ്റമാണ്, അല്ലാതെ താങ്കൾ എഴുതുന്ന യാത്രാവിവരണങ്ങൾ വായിച്ചിരിക്കാനല്ല അവർ വോട്ട് ചെയ്തത്. ഉശിരുണ്ടെങ്കിൽ വികസനത്തെക്കുറിച്ചും കഴിഞ്ഞ അഞ്ചുവർഷത്തെ താങ്കളുടെ ‘അപ്രത്യക്ഷമാകലിനെ’ കുറിച്ചും സംസാരിക്കൂ. വിദ്വേഷം വിതച്ച് വോട്ട് കൊയ്യാമെന്ന് കരുതേണ്ട

Read more