ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ധിപ്പിച്ചു.
ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്.
Read more
1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.