‘ഇതാണ് എന്റെ ജീവിതം’; വിവാദങ്ങള്‍ക്കൊടുവില്‍ ഇ പി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു, പേരും പ്രസാധകരും മാറി

വിവാദങ്ങള്‍ക്കൊടുവില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു. പേരും പ്രസാധകരും മാറിയാണ് ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ‘ഇതാണ് എന്റെ ജീവിതം’ എന്ന പേരിലാണ് ആത്മകഥ. അതേസമയം മാതൃഭൂമി ബുക്‌സാണ് പുതിയ പ്രസാധകര്‍.

ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ‘കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം‘ എന്ന പേരില്‍ ഇ പിയുടെ ആത്മകഥ പുറത്തിറക്കുന്നുവെന്ന് ഡിസി ബുക്‌സ് നടത്തിയ പ്രഖ്യാപനം വിവാദമായിരുന്നു. ആത്മകഥയിലെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ അന്ന് പുറത്തുവന്ന വിവരങ്ങള്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിവെച്ചു.

പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഘട്ടത്തില്‍ പുറത്തുവന്ന പുസ്തക ഭാഗത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പാലക്കാട്ടെ അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തന്റെ അനുമതിയില്ലാതെ ഡിസി ബുക്‌സ് താന്‍ പറയാത്ത കാര്യങ്ങള്‍ ആത്മകഥയായി പ്രസിദ്ധീകരിച്ചുഎന്ന് കാട്ടി ഇ പി ജയരാജൻ പരാതിയും നൽകിയിരുന്നു. ഇപിയുടെ പരാതിയില്‍ ഡിസി ബുക്‌സിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.