ഈ ആഭ്യന്തര മന്ത്രിയും ഇദ്ദേഹത്തിന്റെ പൊലീസും കേരളത്തിന് അപമാനമാണ്: കെ സുധാകരൻ

സംസ്ഥാനത്തെ പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത അഴകൊഴമ്പൻ ആഭ്യന്തര മന്ത്രിയായി ആ കസേരയിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ കഴിയുന്നു എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ആലുവയിൽ ഗാർഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നു എന്നും സുധാകരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വൻതോതിൽ പെരുകിയിരിക്കുന്നു. ജിഷ വധക്കേസിൽ മുതലക്കണ്ണീരൊഴുക്കിയ സി പി എമ്മിന്റെ ഭരണകാലത്ത് ഒരായിരം ജിഷമാർ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും സുധകരൻ പറഞ്ഞു.

കെ സുധകരന്റെ കുറിപ്പ്:

കേരളത്തിൻ്റെ ആഭ്യന്തര മന്ത്രിയോട്,

“ഈ സംസ്ഥാനത്തെ പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുമ്പോൾ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത അഴകൊഴമ്പൻ ആഭ്യന്തര മന്ത്രിയായി ആ കസേരയിൽ തുടരാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു? വേട്ടക്കാർക്ക് കുട ചൂടി നിങ്ങളും നിങ്ങളുടെ പാർട്ടിയും തന്നെ മുന്നിൽ നിൽക്കുമ്പോൾ ഇവിടെ ആർക്കാണ് നീതി ലഭിക്കുക?”

നിങ്ങളുടെ പോലീസിൻ്റെ അനാസ്ഥ കാരണം ഒരു പെൺകുട്ടി കൂടി ജീവൻ വെടിഞ്ഞിരിക്കുന്നു.സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയൻ്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വൻതോതിൽ പെരുകിയിരിക്കുന്നു. ജിഷ വധക്കേസിൽ മുതലക്കണ്ണീരൊഴുക്കിയ സി പി എം ൻ്റെ ഭരണകാലത്ത് ഒരായിരം ജിഷമാർ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ആലുവയിൽ ഗാർഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയൻ്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നു.

“താനൊരു തന്തയാണോടോ? സ്ത്രീധനം എത്ര കൊടുത്തു?” എന്നാണ് ഇൻസ്പക്ടർ മരണപ്പെട്ട മോഫിയയുടെ പിതാവിനോട് ചോദിച്ചത്.ഈ ആഭ്യന്തര മന്ത്രിയും ഇദ്ദേഹത്തിൻ്റെ പോലീസും കേരളത്തിന് അപമാനമാണെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടർച്ചയായ അക്രമങ്ങളാണ് അരങ്ങേറുന്നത്.

മകളെ നഷ്ടമായ ആ മാതാപിതാക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഭംഗിവാക്കുകൾ പറയുന്നില്ല. നഷ്ടപ്പെട്ട ജീവന് പകരമാകില്ലെങ്കിലും ആ പെൺകുട്ടിയുടെ ജീവനെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കോൺഗ്രസ് പാർട്ടി കൂടെയുണ്ടാകും.