സദാചാരഗുണ്ടായിസം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സദാചാരഗുണ്ടായിസം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പേട്ട എസ്.ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസ്‌ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.

പ്രസ്‌ക്ലബ്ബിലെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേട്ട പോലീസ് സ്റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയിരിക്കുന്നത്. രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്.

സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. മാധ്യമസ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതിപരിഹാരസംവിധാനം ഉണ്ടോയെന്ന് പരിശോധിക്കന്നതടക്കം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.