വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്ത് ഉണ്ടാകരുത്, മീഡിയ വണ്ണിന് വിലക്ക് ഏർപ്പെടുത്തിയത് ഗൗരവതരമായ വിഷയം: മുഖ്യമന്ത്രി

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.

ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും എന്ന് ചാനൽ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.

ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന്, മീഡിയ വൺ ചാനലിന്റെ ലൈസൻസ് റദ്ദാക്കുകയും അനുവദനീയമായ ചാനലുകളുടെ പട്ടികയിൽ നിന്ന് ചാനലിന്റെ പേര് ഒഴിവാക്കുകയും ചെയ്ത വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.