'കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല'; സ്ഥിരീകരിച്ച് മല്ലികാർജുൻ ഖാർഗെ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്ന് സ്ഥിരീകരിച്ച് മല്ലികാർജുൻ ഖാർഗെ. ആദ്യം വിജയിക്കൂ എന്ന സന്ദേശമാണ് നൽകിയതെന്നും മറ്റ് വിഷയങ്ങൾ പിന്നീടെന്നുമാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. എഐസിസി യോഗത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും ഇതിനായുള്ള വടംവലി പാടില്ലെന്നും കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്നാണ് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം.

Read more