'ശബ്ദ സന്ദേശത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ട്, പാർട്ടി നേതാക്കളെ സംബന്ധിച്ച് അങ്ങനെയൊരു അഭിപ്രായം ഇല്ല'; മലക്കം മറിഞ്ഞ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തികൊണ്ടുള്ള ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ മലക്കം മറിഞ്ഞ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് ശരത് പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. ഓഡിയോയിൽ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും ശരത് പ്രസാദ് കുറിച്ചു.

പാർട്ടി നേതാക്കളെ സംബന്ധിച്ച് തനിക്ക് അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നും ശരത് പ്രസാദ് പോസ്റ്റിൽ പറയുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്തു പോയവർ ഗൂഢാലോചന നടത്തുന്നു. വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും ശരത് പ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

രാഷ്ട്രീയ വിരോധത്താല്‍ പാര്‍ട്ടിയയെും പാര്‍ട്ടി സഖാക്കളെയും താഴ്ത്തിക്കെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്ന് ശരത് പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. അതേസമയം സുഹൃത്തും സിപിഎം നേതാവുമായ നിബിൻ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവൽ മാറുമെന്നും ജില്ലാ നേതൃത്വത്തിൽ സാമ്പത്തികമായി ആർക്കും പ്രശ്‌നമില്ലെന്നും ശരത് പ്രസാദ് പങ്കുവച്ച ശബ്ദ സന്ദേശത്തിലുണ്ട്.

എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. അഞ്ചുവർഷം മുൻപ് നടത്തിയ ഫോൺ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് വൻകിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകൾ. കമ്മിറ്റിയിലെ ആർക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നിൽ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോൾ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോൾ കിട്ടുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓഡിയോ സന്ദേശത്തിലുണ്ട്.

Read more