ആറ്റിങ്ങലില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു, എസ്.ഐക്ക് എതിരെ പരാതി

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിന് ഇരയായതായി പരാതി. ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി എന്ന പേരില്‍ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കുഴിമുക്ക് സ്വദേശി അരുണ്‍രാജ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ എസ്.ഐ രാഹുലിനെതിരെ യുവാവ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ഓട്ടോ തൊഴിലാളിയാണ് അരുണ്‍രാജ്.

ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ രണ്ട് മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അരുണ്‍രാജ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വൈദ്യ പരിശോധന നടത്തിയ ശേഷം സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

ബാറിലെ സംഘര്‍വുമായി ബന്ധമില്ലെന്നാണ് അരുണ്‍രാജ് പറയുന്നത്. ഭക്ഷണം വാങ്ങാനായി പോയതാണെന്നും, സംഘര്‍ഷം തടയാനാണ് താന്‍ ശ്രമിച്ചതെന്നും അരുണ്‍ പറഞ്ഞു. വലിയകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഉണ്ടായ പാടുകളാവാം എന്നുമാണ് പൊലീസ്് നല്‍കിയ വിശദീകരണം. സംംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അറിയിച്ചു.