ഏകീകൃത കുര്‍ബാന വിഷയം; ബിഷപ്പ് ഹൗസിന് മുന്നില്‍ ഏറ്റുമുട്ടല്‍

ഏകീകൃത കുര്‍ബാനയുടെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷം. കുര്‍ബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.

ഓശാന ഞായര്‍ മുതല്‍ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷം ഉണ്ടായത്. ഏകീകൃത കുര്‍ബാന നടപ്പാക്കില്ലെന്നറിയിച്ച് സിനഡിനെ തള്ളി വൈദികര്‍ രംഗത്തെത്തി.

ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറിന് കാനന്‍ നിയമപ്രകാരം സാധുതയില്ല. ആര്‍ച്ച് ബിഷപ്പിനെ സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സിനഡില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പള്ളികളില്‍ പുതിയ സര്‍ക്കുലര്‍ വായിക്കില്ലെന്നും വൈദികര്‍ പറഞ്ഞു.

ഓശാന ഞായര്‍ ദിനത്തില്‍ എറണാകുളം ബസിലിക്ക പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ ചേര്‍ന്ന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാണ് സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചത്. ഓശാന ഞായര്‍ മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന രീതിയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച് നേരത്തെ മാര്‍പാപ്പ അതിരൂപതയ്ക്ക് കത്തയച്ചിരുന്നു.