തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തൃശൂര്‍ പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.

പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരുക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റ നിലയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30നു മരിച്ചു. ഓട്ടോയുടെ അടിയില്‍ കുടുങ്ങിയ സന്തോഷിനെ നാട്ടുകാര്‍ വാഹനം ഉയര്‍ത്തിയാണു പുറത്തെടുത്തത്.

ഓട്ടോയില്‍, നഗരത്തിലെ പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.