2025 തുടങ്ങിയതേയുള്ളു. ഇക്കാലയളവിനുള്ളിൽ കേരളത്തെ ഞെട്ടിച്ച നിരവധി കൊലപാതക പാരമ്പരകളാണ് കടന്ന് പോയത്. ലഹരിയുടെ പുറത്തും, പക മൂലവും, വ്യക്തമായ കാരണമില്ലാതെയും നിരവധി കുറ്റകൃത്യങ്ങൾ. നീചവും ക്രൂരവുമായ കൊലപാതകങ്ങൾ. സ്വന്തം ചോരയെന്നോ, സ്വന്തമെന്നോ, അമ്മയെന്നോ, പോലും നോക്കാതെയുളള ക്രൂരമായ കൊലപാതകങ്ങൾ. മനുഷ്യമനഃസാക്ഷിയെ വരെ ഞെട്ടിക്കുന്ന അല്ലെങ്കിൽ ചിലപ്പോൾ മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് സ്വന്തം അമ്മയെ ലഹരിക്കടിമയായ മകൻ കൊലപ്പെടുത്തി, നെന്മാറ ഇരട്ടക്കൊലപാതകം….ചേന്ദമംഗലം കൂട്ടകൊലപാതകം…ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകം….ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല.
2025ലേക്ക് കടന്ന മലയാളിയുടെ മുൻപിൽ ക്രൂരകൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്. 2025 ലേക്ക് കടന്ന് അധികം ആകും മുൻപ് ഇക്കഴിഞ്ഞ ജനുവരി 16-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ ആദ്യത്തെ കൂട്ടക്കൊല നടന്നത്. പൈശാചികവും, അതിക്രൂരവുമായ കൊലപാതകം. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽക്കാരനായ റിതു എന്ന ചെറുപ്പക്കാരനായിരുന്നു പ്രതി. ഇയാൾ ലഹരിക്ക് അടിമയായിരുന്നു. പ്രദേശത്തെ സ്ഥിരം പ്രശ്നകാരനായിരുന്നു റിതു. രാത്രികളിൽ സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിരുന്നു. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
ആക്രമണം നേരിട്ട കുടുംബവുമായും റിതു നേരത്തെ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ക്രൂരമായ കൊലപാതത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. മുൻ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്നായിരുന്നു കുറ്റപത്രം. പ്രതി ഋതുവിന് ജിതിൻ ബോസിൻറെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ‘പക തീർത്തു’ എന്ന് ഋതു വിളിച്ച് പറഞ്ഞു…..ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു റിതു കൊലപാതകം നടത്തിയത്. ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ല. കൊല്ലണം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു റിതുവിന് ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറംലോകം അറിയുന്നതും.
ഈ സംഭവം കഴിഞ്ഞ് അധികമായില്ല. ജനുവരി 18ന് കേരളത്തെ ഞെട്ടിച്ച് കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നുവെന്ന വാർത്ത പുറത്ത് വന്നു. ലഹരിക്കടിമയായ ആഷിഖ് ആണ് സ്വന്തം പെറ്റമ്മയെ കണ്ണിൽച്ചോരയില്ലാതെ കൊലപ്പെടുത്തിയത്. കേരളം ഒന്നാകെ ഞെട്ടിയിരുന്നു. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ്ണമായും കിടപ്പിലായിരുന്ന സുബൈദയെയാണ് മകൻ ആഷിഖ് വെട്ടിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു ഇത്. കോളേജ് കാലം മുതൽക്കേ ലഹരിക്കടിമയായിരുന്ന ആഷിഖ് പലപ്പോഴും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ ഒരു തവണ പ്രശ്നമുണ്ടാക്കിയപ്പോൾ നാട്ടുകാർ ചേർന്ന് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോളാണ് ആഷിഖ് ഈ ക്രൂരകൃത്യം നടത്തിയത്. പൊലീസ് പിടികൂടിയ ആഷിഖ് ഒരു കാര്യം പറഞ്ഞു……ജന്മം നൽകിയതിനുള്ള ശിക്ഷയാണ് താൻ നടപ്പാക്കിയതെന്ന്. മനുഷ്യ മനസ് മരവിച്ച് പോകുന്ന വാക്ക്. ഒരു മകനും സ്വന്തം അമ്മയോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അന്ന് സംഭവിച്ചത്….
ഞെട്ടൽ മാറിയില്ല…. പത്ത് ദിവസത്തിനുള്ളിൽ വീണ്ടും…ജനുവരി 27ന് പാലക്കാട് നെന്മാറ ഇരട്ടകൊലപാതകം. നെന്മാറ സ്വദേശി ചെന്താമരയാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. 2019ൽ താൻ കൊന്ന സജിത എന്ന സ്ത്രീയുടെ ഭർത്താവായ സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്‌മിയെയുമാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തിയത്. കൊലപാതകശേഷം ഒളിവിൽ പോയ പ്രതി ചെന്താമരയെ രണ്ട് ദിവസംകൊണ്ടാണ് പിടികൂടാനായത്. പൊലീസുകാരെ വട്ടം കറക്കിച്ചും, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ശേഷവുമാണ് ചെന്താമര പിടിയിലാകുന്നത്. പട്ടാപ്പകൽ നടത്തിയ കൊലപാതകത്തിന് ശേഷം ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ചെന്താമരയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ജനുവരി 28ന് രാത്രി പത്തുമണിയോടെ വീടിന് സമീപത്ത് നിന്നും പിടിയിലാവുകയായിരുന്നു.
ഈ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലും മാറിയിരുന്നില്ല…..അങ്ങനെ ഇരിക്കെ ജനുവരി 30 ന് മറ്റൊരു വർത്തകൂടി പുറത്ത് വരുന്നു. ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് തിരച്ചിലിനൊടുവിൽ ഫയർ ഫോഴ്സ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി തലേദിവസം ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്നായിരുന്നു അമ്മ ശ്രീതു പറഞ്ഞത്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു. പിന്നാലെ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ എല്ലാവരുടെയും മൊഴിയിൽ നിറയെ വൈരുധ്യങ്ങളായിരുന്നു. സംഭവത്തിൽ അടിമുടി ദുരൂഹതയായിരുന്നു. തുടക്കം മുതലേ സംഭവം കൊലപതാകാമെന്ന് പൊലീസ് സംശയിച്ചിരുന്നു. ഒടുവിൽ അന്വേഷണം എത്തി നിന്നത് കൊലപാതകത്തിൽ തന്നെയായിരുന്നു. കേസിൽ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിൻ്റെ അമ്മ ഇയാളുടെ സഹോദരിയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നും ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ഇയാൾ മൊഴി നൽകിയത്. പല പ്രശ്‌നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻ്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യം കാട്ടി. കുട്ടി തൻ്റെ ആവശ്യങ്ങൾക്ക് തടസമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം…..
ഒരുമാസം തികഞ്ഞില്ല ഇപ്പോഴിതാ കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകം കൂടി…. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ പോലും കുറഞ്ഞുപോകുന്ന തരത്തിലുള്ള ഒരു കൊലപാതകമാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലേത്. അവിശ്വസനീയമായ, കൊടുംക്രൂരമായ ഒരു കൊലപാതകം. സ്വന്തം കുടുംബാംഗങ്ങളെയും, പെൺസുഹൃത്തിനെയും,13 വയസ് മാത്രമുളള കുഞ്ഞനുജനെയും ഒരു ദയയും കൂടാതെ ഒരു 23 കാരൻ അടിച്ച് കൊന്നു. മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പുറകെ ഒന്നായി മൂന്നിടത്തായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് ഈ ക്രൂരകൊലപാതകങ്ങൾ എല്ലാം നടന്നത്.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി മുത്തശ്ശിയെ തലയ്ക്കടിച്ച് കൊല്ലുന്നു. ഇതിന് പിന്നാലെ ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ ലത്തീഫ്, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നു. ഈ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ സ്വന്തം അനിയനെയും അഫാൻ കൊലപ്പെടുത്തുന്നു.
ഇരുപതിലധികം തവണയാണ് പ്രതി തൻ്റെ കുടുംബാംഗങ്ങളേയും കാമുകിയേയും ചുറ്റിക കൊണ്ട് അടിച്ചത്. ബന്ധുവായ ലത്തീഫിന്റെ തലയിൽ 27 തവണയാണ് പ്രതി അഫാൻ ചുറ്റികകൊണ്ട് അടിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ലത്തീഫിന്റെ ഭാര്യ ഷാഹിദയുടെ തലയിൽ 24 തവണയാണ് പ്രതി അടിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 13കാരനായ അനുജൻ അഫ്സാന്റെ തലയിൽ 22 തവണ ചുറ്റിക കൊണ്ട് അടിച്ചിട്ടുണ്ട്. തലക്ക് അടിച്ചതിന് പുറമേ സൽമ ബീവിയുടെയും ഫർസാനയുടെയും നെഞ്ചത്ത് ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ട്. തലയ്ക്കേറ്റ അടിയാണ് എല്ലാവരുടേയും മരണത്തിന് കാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ചുപേരുടേയും തലയോട്ടി തകർന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് അഫാൻ കൊലപ്പെടുത്തിയത്.