തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാംദിനം സ്ഥാനാര്‍ത്ഥികള്‍ വീണ്ടും ജനങ്ങള്‍ക്ക് മുമ്പില്‍; വേറിട്ട മാതൃകയുമായി എറണാകുളം, കയ്യടിച്ച് കേരളം

തിരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പതിവു ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ എറണാകുളത്ത് നിന്ന് ഒരു വേറിട്ട കാഴ്ച്ച. മുന്നണി വ്യത്യാസമില്ലാതെയാണ് ഇക്കാര്യത്തില്‍ എറണാകുളം കേരളത്തിനും രാജ്യത്തിനും മാതൃക സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിനം തന്നെ സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ തുടങ്ങി.

സാധാരണഗതിയില്‍ ദിവസങ്ങളും മാസങ്ങളും തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ തെരുവുകളുടെ ഭംഗി നശിപ്പിച്ച് നില്‍ക്കുകയാണ് പതിവ്. ഇക്കുറി അതിന് മാറ്റം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ തീരുമാനിക്കുകയായിരുന്നു.

ഇടപ്പള്ളി ലുലു മാളിന് സമീപത്ത് സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള സ്വന്തം കൗട്ടൗട്ട് നീക്കിയാണ് ഹൈബി ഈഡന്‍ പ്രവര്‍ത്തകരോട് ഒപ്പം ശുദ്ധീകരണത്തില്‍ പങ്കാളിയായി മാറിയത്. ഒരാഴ്ച്ച കൊണ്ട് പ്രചാരണ സമാഗ്രികള്‍ നീക്കുമെന്നും ഹൈബി അറിയിച്ചു. രണ്ടു ദിവസത്തിനകം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പി രാജീവ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ ഹാളിന് സമീപത്തെ മതിലിലെ ചുവരെഴുത്ത് മായ്ച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനം മാതൃക കാണിച്ചത്. അദ്ദേഹവും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സമാഗ്രികള്‍ നീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.