മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ശമ്പളം കൂടും; റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടും. മന്ത്രിസഭാ യോഗത്തിന്റേത് ആണ് തീരുമാനം. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. ആറ് മാസത്തിനുള്ളില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ മന്ത്രിമാര്‍ക്ക് 90,000 രൂപയും എംഎല്‍എമാര്‍ക്ക് 70,000 രൂപയുമാണ് ലഭിക്കുന്നത്. ടിഎഡിഎ അടക്കമാണ് ഈ തുക. 2018ല്‍ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എം എല്‍ എമാരുടെ ശമ്പളം 39500 രൂപയില്‍ നിന്ന് 70000 രൂപയുമാക്കി ഉയര്‍ത്തിയത്.

അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നല്‍കിയ ശുപാര്‍ശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം ആക്കാം എന്നായിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗം അത് 90,000 രൂപയില്‍ നിജപ്പെടുത്തുകയായിരുന്നു.