കോവളം ബൈക്കപകടത്തിനു കാരണം റേസിംഗ് അല്ല, അമിത വേഗം; വഴിയാത്രക്കാരി റോഡ് മുറിച്ചുകടന്നത് ശ്രദ്ധയില്ലാതെ; എംവിഡി റിപ്പോര്‍ട്ട്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പ്രദേശത്തെ സി.സി.ടി.വിയിലെങ്ങും അപകടത്തില്‍പെട്ട ബൈക്കും മറ്റു ബൈക്കുകളും തമ്മില്‍ മല്‍സരിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ ഒന്നാം കാരണമായി പറയുന്നത് ബൈക്കിന്റെ അമിതവേഗം തന്നെ. നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലാണ് അരവിന്ദ് മരണത്തിലേക്ക് പാഞ്ഞത്.

ബൈക്ക് ഇടിച്ച് മരിച്ച വഴിയാത്രക്കാരി ശ്രദ്ധയില്ലാതെയാണ് റോഡ് മുറിച്ചുകടന്നതെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ട്രാഫിക് സിഗ്‌നലില്ലാത്ത ഭാഗത്ത് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടന്നതാണ് കുറ്റം.

കോവളം ബൈപ്പാസിലെ തിരുവല്ലം ജംഗ്ഷന് സമീപത്തുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന യുവാവും വഴിയാത്രക്കാരിയായ സന്ധ്യ എന്ന വീട്ടമ്മയും ആണ് മരിച്ചത്. മല്‍സരയോട്ടങ്ങള്‍ പതിവായ ഇവിടെ ഇന്നലത്തെ അപകടത്തിനും കാരണം ബൈക്ക് റേസിങ്ങാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ തയാറാക്കാനായി കോവളത്തെത്തിയതായിരുന്നു അരവിന്ദ്. ദൃശ്യങ്ങളെടുത്ത ശേഷം സുഹൃത്തുക്കള്‍ മുന്‍പേ പോയപ്പോള്‍ അവര്‍ക്കൊപ്പമെത്താനായാണ് അമിതവേഗത്തില്‍ പാഞ്ഞത്.