'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നും മന്ത്രി പ്രതികരിച്ചു. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്‍റെ വിചിത്ര നിർദേശം.

ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ആർ അജിത്കുമാര്‍ ഇത്തരത്തിലുള്ള വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടെന്നും ആ പ്രോട്ടോകോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം യുഡിഎഫിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിൽ എത്തിക്കും. അതാണ് കേരളത്തിൽ കണ്ടുവരുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യമന്ത്രിയും ക്യാബിനറ്റുമടക്കം ചിലർ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് ശേഷം എൽഡിഎഫിന് ഭരണ തുടർച്ചയാണ് ഉണ്ടായത്. ജനങ്ങൾ എന്തിന് ഇടതുമുന്നണിയെ വേണ്ട എന്ന് പറയണമെന്നും ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.

Read more