ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. കാസര്‍കോട് മഞ്ചേശ്വരം കുമ്പളയില്‍ നിന്നും ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ മലയോരം മുതല്‍ കടലോരം വരെയുള്ള പ്രദേശങ്ങളിലെ 135 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് വൈകിട്ട് 5 ന് പുത്തരിക്കണ്ടത്ത് സമാപിക്കുന്നത്.

വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്റ്റന്‍ എം വി ഗോവിന്ദന്‍, ജാഥാ മാനേജര്‍ പി കെ ബിജു, ജാഥാ അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്ക് സി തോമസ്, മന്ത്രിമാര്‍ എന്നിവര്‍ സംസാരിക്കും

ദിവസവും അഞ്ച് വീതം കേന്ദ്രങ്ങളിലാണ് ജാഥക്ക് സ്വീകരണം നല്‍കിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ചുവപ്പ് സേന വോളന്റിയര്‍മാര്‍ ഗാഡ് ഓഫ് ഓണര്‍ നല്‍കിയാണ് ജാഥയെ വരവേറ്റത്..ജാഥാ ക്യാപ്റ്റനും അംഗങ്ങള്‍ക്കും പുറമെ അഖിലേന്ത്യ സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

നേമം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ അണി ചേരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.