ഓര്‍ഡിനന്‍സില്‍ പ്രസിഡന്റിന്റെ അനുമതി തേടണം, ഗവര്‍ണറെ കണ്ട് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട നിയമപരമായ വിശദാംശം ഗവര്‍ണ്ണര്‍ക്ക് നല്‍കിയെന്ന് ഗവര്‍ണ്ണറെ കണ്ട ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് പ്രസിഡന്റിന്റെ അനുമതിക്കായി പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചതായി സതീശന്‍ വ്യക്തമാക്കി.

ഒരു നിയമം വരുമ്പോള്‍ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കില്‍ അതില്‍ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിയമ മന്ത്രി പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ലോകായുക്തയുടെ പല്ലും നഖവും കളയുന്ന ഭേദഗതിയാണ് കൊണ്ടവരുന്നതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.

നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ലെന്നും ഇ.കെ നായനാര്‍ സര്‍ക്കാര്‍ 1999 ല്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ പറയുന്നത് വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ നീക്കം ഇ.കെ. നായനാരെയും ഇ. ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ സലാം, മോന്‍സ് ജോസഫ്, സി.പി. ജോണ്‍, ജി.ദേവരാജന്‍, എ.എ അസീസ് എന്നിവരായിരുന്നു ഗവര്‍ണ്ണറെ കണ്ടത്. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനും എതിരായ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. നിയമവിരുദ്ധമായ നടപടിയാണ് സര്‍ക്കാരിന്റെതെന്ന് പ്രതിപക്ഷം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും യു.ഡി.എഫ് ഗവര്‍ണ്ണറെ കണ്ട് ധരിപ്പിച്ചു.