ആങ്ങമൂഴി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി ചത്തു

പത്തനംതിട്ടയിലെ ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ നിന്ന് ഇന്നലെ പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു പുലി. മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പുലിക്ക് പരിക്കേറ്റിരുന്നു. ഇടത് കാലില്‍ നിന്ന് മുള്ള് കണ്ടെത്തിയിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും ഏറെ നാളായി മുള്ള് തറച്ചിരുന്നതിനാല്‍ മുറിവ് ഗുരുതരമായിരുന്നു. ഇതോടെയാണ് പുലി ചത്തത്.

ഇന്നലെയാണ് ആങ്ങമൂഴി സ്വദേശിയായ സുരേഷിന്റെ വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്ന് പുലിയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ ആയിരുന്ന പുലിയെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റിയിരുന്നു. ഒരു വയസില്‍ താഴെ പ്രായമുള്ള പുലിയാണെന്നാണ് പ്രാഥമിക നിഗമനം. ആട്ടിന്‍കൂടിന് സമീപം അവശനിലയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം വലവിരിച്ച് പുലിയെ പിടികൂടുകയായിരുന്നു. പുലി ആരെയും ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല.

Read more

റാന്നി വനംവകുപ്പ് ഓഫീസില്‍ എത്തിച്ച പുലിയെ ഡോക്ടര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അപ്പോഴാണ് മുള്ള് കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം പരിക്കുകള്‍ ഭേദമായിട്ട് പുലിയെ തിരികെ കാട്ടിലേക്ക് വിടാനായിരുന്നു തീരുമാനം. വണ്ടിപ്പെരിയാറിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പുലി ചത്തത്.