മുതലപ്പൊഴി അഴിമുഖം മണല്‍മൂടിയ സംഭവം; ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് മത്സ്യതൊഴിലാളികള്‍

തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖം മണല്‍മൂടിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി. സമരം കൂടുതല്‍ ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. നാളെ ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി നടപടി കൈക്കൊണ്ടില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഉപരോധിക്കുകയും സെക്രട്ടറിയേറ്റ് വളയുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ന് സിഐടിയു, ഐഎന്‍ടിയുസി, പെരുമാതുറ – പുതുക്കുറിച്ചി താങ്ങുവല അസോസിയേഷന്‍ എന്നീ സംഘടനങ്ങള്‍ ഹാര്‍ബര്‍ എക്‌സ്‌ക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ് അനിശ്ചിതകാലമായി ഉപരോധിച്ചു.

Read more

ഓഫീസിലെ ഗേറ്റ് താഴിട്ട് പൂട്ടി റീത്ത് വെച്ചാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. പ്രതിഷേധത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. കായല്‍ വെള്ളം സമീപത്തെ വീടുകളില്‍ കയറുന്നത് തടയാന്‍ പൊഴി മുറിച്ചു വിടാനുള്ള അധികൃതരുടെ ശ്രമത്തെയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരിക്കുകയാണ്.