വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ സംഭവം; നേപ്പാള്‍ സ്വദേശിയായ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ മോഷണക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചു. നേപ്പാള്‍ സ്വദേശി രാം കുമാറാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതി രാം കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഷണത്തിന് ശേഷം വീടിന്റെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനിയുടെ സഹായത്തോടെയാണ് പ്രതികള്‍ മോഷണം നടത്തിയത്. വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതേ തുടര്‍ന്ന് വീട്ടുടമയായ ശ്രീദേവി അമ്മ, മരുമകള്‍ ദീപ,ഹോം നഴ്‌സായ സിന്ധു എന്നിവര്‍ ആശുപത്രിയിലാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.