ആരും അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള മുഖ്യമന്ത്രിയുടെ തള്ള് നിര്‍ത്തണം: ഷാഫി പറമ്പില്‍

വമ്പന്‍ സുരക്ഷയൊരുക്കിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭയമില്ലെന്ന പ്രസ്താവനയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ആറുകിലോമീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച് ആളെ തടഞ്ഞും ചുറ്റും പൊലീസുകാരെ നിര്‍ത്തിയും ആരും അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ‘പിപ്പിടിവിദ്യ വേണ്ട’ എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് ഇനിയെങ്കിലും ഒഴിവാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അതില്‍ അസ്വസ്ഥനായിട്ട് കാര്യമില്ല.

കരിങ്കൊടി കാണിക്കുന്നതിനെ പൊലീസ് പട കൊണ്ട് തടഞ്ഞാല്‍ കരിഞ്ഞുപോകുന്നതാണ് പ്രതിഷേധം എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.