വ്യവസായ കേരളത്തിന്റെ അതിവേഗ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളം നിക്ഷേപ സൗഹൃദമോ എന്ന ചോദ്യത്തിന് പോലും ഇടയില്ലാത്ത വിധത്തില്‍ ലോകമാകെ ശ്രദ്ധ നേടിയ കാലയളവാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ കേരളത്തിന്റെ വ്യവസായ രംഗത്ത് സൃഷ്ടിച്ച കുതിപ്പ് സമാനതകളില്ലാത്തതാണെന്നും ഇതാണ് ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞതെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ഈ കുതിപ്പ് തുടരുക തന്നെ ചെയ്യുമെന്നും നിക്ഷേപ സൗഹൃദ കേരളം വ്യവസായമേഖലയിലും രാജ്യത്തിന്റെ മാതൃകയായി മാറുമെന്നും മന്ത്രി പി രാജീവ് പറയുന്നു. ഈ വര്‍ഷത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുള്ള വ്യവസായ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ തുടര്‍ച്ചയായില്‍ ഒന്നാം ശ്രേണിയില്‍ സ്ഥാനം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പോലൊരു ബൃഹത്തായ നിക്ഷേപ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പ്, യൂണിയന്‍ ഗവണ്മെന്റിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും അംഗീകാരം നേടിയെടുത്ത സംരംഭക വര്‍ഷം പദ്ധതി ഒക്കെ ഈ സര്‍ക്കാരിന്റെ കാലയളവില്‍ കൈക്കൊണ്ട നടപടികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഒപ്പം കേരളത്തിലെ സംരംഭങ്ങള്‍ക്കുള്ള പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, സമയബന്ധിത ലൈസന്‍സ് അംഗീകരിക്കാനായുള്ള കെ സ്വിഫ്റ്റ് ഏകജാലക പ്ലാറ്റ്‌ഫോം തുടങ്ങിയവയും സംരംഭകര്‍ക്ക് സര്‍ക്കാരില്‍ മതിപ്പുളവാക്കിയ പരിഷ്‌കാരങ്ങളാണെന്നും മന്ത്രി പറഞ്ഞു.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ 3.5 ലക്ഷം സംരംഭങ്ങളും 7.5 ലക്ഷം തൊഴിലവസരങ്ങളും 22,500 കോടി രൂപയുടെ നിക്ഷേപവും കേരളത്തിലെത്തി. പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000, മിഷന്‍ 1 ലക്ഷം പദ്ധതികളും ആരംഭിച്ചു. ഒരു കുടുംബം ഒരു സംരംഭം പദ്ധതി വിജയകരമാക്കാന്‍ വീടുകളിലെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ നിയമങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വഴി ലഭിച്ചിട്ടുള്ള 1.91 ലക്ഷം കോടി രൂപയുടെ 400ലധികം വരുന്ന നിക്ഷേപ താല്‍പ്പര്യങ്ങളില്‍ 104 നിക്ഷേപ താല്‍പ്പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. 69 പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 50000 തൊഴിലവസരങ്ങളാണ് ഈ പദ്ധതികളിലൂടെ മാത്രം യാഥാര്‍ത്ഥ്യമാകുക.
വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിര്‍മ്മാണത്തിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പുതുതായി അനുമതി നല്‍കിയ വ്യവസായ ഇടനാഴികളില്‍ അതിവേഗത്തില്‍ ഇത്രയും പൂര്‍ത്തീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. പരമ്പരാഗതവും ജിഐ ടാഗ് ചെയ്തതുമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള യൂണിറ്റി മാള്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം കേരളം മുന്നോട്ടുവെക്കുന്ന മാതൃകയാണ്. ഇങ്ങനെ വിഷന്‍ 2031ലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് ഇരട്ടിയാക്കാനും ലാഭക്ഷമത വര്‍ധിപ്പിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായുമുള്ള സഹകരണം ശക്തിപ്പെടുത്താനും ഞങ്ങള്‍ ലക്ഷ്യമിടുന്നു.
ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചുകൊണ്ട് കേരളത്തിന്റെ സാങ്കേതിക വളര്‍ച്ചയുടെ അടുത്തഘട്ടം സൃഷ്ടിച്ചെടുക്കും. ടെക്‌നോപാര്‍ക്കിലും ടെക്‌നോസിറ്റിയിലും വലിയ തോതിലുള്ള വിപുലീകരണങ്ങള്‍ സാധ്യമാക്കും, ഇന്‍ഫോപാര്‍ക്കില്‍ ലാന്റ് പൂളിങ്ങ് വഴി എ ഐ സിറ്റി വികസിപ്പിക്കും. ട്രാക്കോ കേബിള്‍സ് ലിമിറ്റഡിന്റെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 4 നടപ്പിലാക്കും. ഐടി കോറിഡോ പദ്ധതിയുടെ കീഴില്‍ തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പാര്‍ക്കുകള്‍ സ്ഥാപിക്കും. സ്വകാര്യ ഐടി പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രൈവറ്റ് ഐടി പാര്‍ക്ക് പ്രമോഷന്‍ സ്‌കീം നടപ്പിലാക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം