സര്‍ക്കാര്‍ ഉറച്ചുതന്നെ; ഇന്ധന സെസും നികുതികളും കുറയ്ക്കില്ല; ന്യായീകരിച്ച് ധനമന്ത്രി

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ദ്ധനവിനെ ന്യായീകരിച്ച് ധനമമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തു നടക്കുന്നതു കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോയെന്നും അദ്ദേഹം ചോദിച്ചു.

ജിഎസ്ടി പിരിച്ചെടുക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാന്‍ കാരണം. നികുതി പിരിവില്‍ പരാജയം ഉണ്ടായെന്നും കള്ള കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍. എന്നാല്‍  ഇക്കാര്യത്തില്‍ രണ്ടാഭിപ്രായം ഉരിത്തിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍ കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലായിരുന്നു ഇടതു മുന്നണിയിലെ നിരീക്ഷണം. സെസ് കുറക്കുന്നതിനെ ധന വകുപ്പും ശക്തമായി എതിര്‍ത്തിരുന്നു.