പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും കെ രാജൻ പറഞ്ഞു. അതേസമയം ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്നും കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നത് കൊണ്ട് ആണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെ രാജൻ മന്ത്രി പറഞ്ഞത് എന്താണ് എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു. വേണ്ട കൂടിയാലോചനകൾ ഇക്കാര്യത്തിൽ നടത്തേണ്ട ആവശ്യമുണ്ട്. സിപിഐ യുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
അതേസമയം പി എം പദ്ധതിയില്‍ ഭാഗമാകാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയായ രണ്ട് പ്രാവശ്യവും സിപിഐ ശക്തമായി എതിര്‍പ്പുയര്‍ത്തിയിരുന്നു. ഈ എതിർപ്പ് മൂലം പിഎം ശ്രീയില്‍ ചേരാനുള്ള നിലപാടുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ നിര്‍ണായക നിലപാടെടുത്തിരിക്കുന്നത്. 1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു.







