അടിമുടി വെട്ടിലാക്കി, പോറ്റിയെ കേറ്റിയേ പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും വേണ്ട, തുടര്‍ നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം; കേസ് നിലനില്‍ക്കില്ലെന്നും വലിയ തിരിച്ചടി കോടതിയിലുണ്ടാകുമെന്നും കണ്ട് പിന്മാറ്റം

‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകളില്‍ മെല്ലെപ്പോക്കിനും ഉടനടിയല്ലെങ്കിലും പതിയെ പിന്‍വലിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ വേണ്ടെന്നുവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ വേണ്ടെന്ന സര്‍ക്കാര്‍ നീക്കം.പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ഗാനത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പാരഡി ഗാനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സര്‍ക്കാര്‍ പിന്തിരിയുന്നത്.

പ്രതിപക്ഷം ശക്തമായി വിഷയത്തെ നേരിട്ടതോടെ സിപിഎമ്മിന് കൂടുതല്‍ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായി. പാര്‍ട്ടി വലിയ പ്രതിരോധത്തിലാവുകയും വലിയ മൗലികാവകാശ ചര്‍ച്ചകളില്‍ പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ ഇനി തുടര്‍ നടപടി വേണ്ടെന്ന തീരുമാനം. ഒപ്പം കോടതിയിലെത്തിയാല്‍ വലിയ തിരിച്ചടി സര്‍ക്കാരിന് കിട്ടുമെന്ന നിയമരംഗത്തെ വിദഗ്ധരുടെ ഉപദേശവും പിണറായി സര്‍ക്കാരിന്റെ യൂടേണിന് കാരണമായി.

കേസെടുക്കുന്നതിനെ ചൊല്ലി പൊലീസിന്റെ ഉന്നതകേന്ദ്രങ്ങളില്‍ത്തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍നിന്നു വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയമോപദേശം തേടിയതിനു ശേഷം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹംതന്നെ ഉണ്ടായി. ഇതേ ട്യൂണ്‍ ഉപയോഗിച്ച് നിര്‍മിച്ച മറ്റു പാട്ടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണപാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ നിരവധി പരാതികള്‍ വന്നിരുന്നു. കേസുകളിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. ചുരുക്കി പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടും സോഷ്യല്‍ മീഡിയയിലടക്കം ഇടത് കേന്ദ്രങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനവും കോടതിയില്‍ തിരിച്ചടി ലഭിച്ചേക്കുമെന്ന വിലയിരുത്തലുമാണ് സര്‍ക്കാരിനെ മാറ്റിച്ചിന്തിപ്പിച്ചത്.

Read more

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയയ്ക്കില്ലെന്നും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമത്തില്‍നിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കുക വരെ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും.