പാലക്കാട് ഉമ്മിനിയില്‍ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ച് വനംവകുപ്പ്

പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. പുലിക്കുട്ടികളെ പിടികൂടിയ ആളൊഴിഞ്ഞ വീട്ടില്‍ തന്നെയാണ് കൂട് വെച്ചിരിക്കുന്നത്. പുലിക്കുട്ടികളെ അന്വേഷിച്ച് വരുമ്പോള്‍ പുലി കെണിയില്‍ വീഴുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. ജനവാസ മേഖലയിലേക്ക് പുലി എത്തിയതിനെ തുടര്‍ന്ന് ആശങ്കയിലാണ് നാട്ടുകാര്‍. പുലിയെ പിടികൂടിയ ശേഷം കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് തിരികെ അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് 15 ദിവസം മാത്രം പ്രായമുള്ള പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് എത്തി പുലിക്കുട്ടികളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുട്ടികളെ കണ്ടത്. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.

പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തള്ളപ്പുലിയെ കണ്ടെത്താനായി പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. എന്നാല്‍ ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രദേശത്ത് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.