കുത്തനെയുള്ള ഇറക്കത്തില്‍ ഡ്രൈവറില്ലാതെ നീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി; രക്ഷകനായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി

ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസ് ബ്രേക്കിട്ട് നിര്‍ത്തി സഹപാഠികളുടെ രക്ഷകനായി മാറിയിരിക്കുകയാണ് എറണാകുളത്തെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ രാജേഷ്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി ഇരുന്നു. എന്നാല്‍ ഡ്രൈവര്‍ ബസില്‍ ഉണ്ടായിരുന്നില്ല. ഗിയര്‍ തനിയെ തെന്നി നീങ്ങിയതിനെ തുടര്‍ന്ന് കുത്തനെയുള്ള ഇറക്കത്തിലൂടെ ബസ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ഡ്രൈവറില്ലാതെ ബസ് വേഗത്തില്‍ നീങ്ങി തുടങ്ങിയതിനെ തുടര്‍ന്ന് പേടിച്ച വിദ്യാര്‍ത്ഥികള്‍ ഉറക്കെ നിലിവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആദിത്യന്‍ ഡ്രൈവറുടെ സീറ്റിലേക്കെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

ആദിത്യന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. അകവൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.