ഇടമലയാര്‍ ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ ഭരണകൂടം

ഇടമലയാര്‍ ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കെഎസ്ഇബി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 162.5 മീറ്റര്‍ എത്തിയാല്‍ മാത്രമേ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കു. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ മാറി നില്‍ക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാല്‍ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോള്‍ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. ഡാമിന്റെ പരമാവധി നിരപ്പ് 171 മീറ്റര്‍ ആണ്.

ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ടിലേക്കാണ്. ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ താഴ്ന്ന നിലയിലാണെന്നും കലക്ടര്‍ വ്യക്തമാക്കി.ഇടുക്കി അണക്കെട്ടില്‍ നിന്നും നാളെ രാവിലെ 10 മണി മുതല്‍ 50 ക്യുമെക്‌സ് നിരക്കില്‍ പെരിയാറിലേക്ക് ജലമൊഴുക്കും.

പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഇതുമൂലം ഉണ്ടാകാനിടയില്ല. തീര നിവാസികള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇടുക്കി ഡാം തുറന്നാലും പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. പെരിയാര്‍ തീരത്ത് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.