മാനസികമായി തളർത്തി, കന്യാസ്ത്രീയെ സഭ വിദേശത്ത് ഉപേക്ഷിച്ചെന്ന് പരാതി; മാനന്തവാടി രൂപതയ്ക്ക് മുന്നിൽ സമരമിരിക്കാൻ കുടുംബം

വയനാട്ടിൽ നിന്നും പതിനഞ്ച് വർഷം മുമ്പ് ഇംഗ്ലണ്ടിൽ സേവനത്തിനായി പോയ കന്യാസ്ത്രി മാനസികനില നില തെറ്റി ഒറ്റപ്പെട്ട് കഴിയുന്നെന്ന് കുടുംബം. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് കുടുംബം ശ്രദ്ധ ക്ഷണിക്കൽ സമരമിരിക്കും. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മക്കിയാട് കൊളാസ്റ്റിക്കൽ കോൺവെന്റ് അംഗമായ സിസ്റ്റർ ദീപാ ജോസഫ് 2003 ൽ ആണ് ഇംഗ്ലണ്ടിൽ ബെനഡിക്ടൻ കോൺഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയത്. അന്ന് സിസ്റ്റർ ദീപക്ക് 34 വയസ്സായിരുന്നു. മഠാധികാരികൾ  മകളെ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം മഠത്തിൽ നിന്ന് ഏഴ് വർഷം മുമ്പ് സിസ്റ്റർ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാൽ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.

വിഷയത്തിൽ സഭയുടെ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും തനിക്കറിയില്ലെന്ന് സിസ്റ്റർ ദീപയുടെ പിതാവ് പറയുന്നു. കാത്തലിക്ക് ലേമെൻസ് അസോസിയേഷൻ ഉൾപ്പടെയുള്ളവർ സിസ്റ്റർക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ രൂപതയേയും മഠത്തേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ ചെറുക്കുമെന്നാണ് വിശ്വാസ സംരക്ഷണ സമിതിയുടെ നിലപാട്.