'ജയില്‍ തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി മാറി'; പ്രതികാരബുദ്ധിയോടെ കാണുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ജയിലുകളില്‍ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറിയെന്നും ജയില്‍ തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും ആ കാലത്ത് കൂച്ചുവിലങ്ങിട്ടിരുന്നു. ഇന്ന് ജയിലെന്ന സങ്കല്‍പ്പം മാറി. തടവുകാരെ ജയില്‍ അന്തേവാസികളെന്ന് മാറ്റി വിളിക്കാന്‍ തുടങ്ങി.

പ്രിസണ്‍ ഓഫീസര്‍മാര്‍ തടവുകാരില്‍ മനപരിവര്‍ത്തനം ഉണ്ടാക്കാന്‍ ശ്രമിക്കണം. കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളായി പുറത്തേക്ക് വിടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.