മുഖ്യമന്ത്രി ഭീരു; മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമെന്ന് വി ഡി സതീശന്‍

ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഉടൻ നടപടിയില്ലെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്ന് വി ഡി സതീശൻ തുറന്നടിച്ചു. മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്നും മാറ്റങ്ങൾ പി വി അൻവറിന് വേണ്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഭരണ കക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എഡിജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്നും വി ഡി സതീശൻ പറഞ്ഞു. മലപ്പുറം എസ്പി എസ് ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍എസ്എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Read more