മെഡിക്കല്‍ കോളജ് സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികള്‍ക്കെതിരെ പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ പുതിയൊരു വകുപ്പുകൂടി ചുമത്തി. പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന വകുപ്പാണ് ചേര്‍ത്തത്. പ്രതികള്‍ക്കെതിരെയുള്ള ഗുരുതരവകുപ്പായി ഐപിസി 333 മാറും.

പ്രതികളുടെ ജാമ്യോപേക്ഷയില്‍ നാളെ വിധിപറയാനിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം. പുതിയ വകുപ്പ് കൂടി ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്.

കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ സി.പി.എം. കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണ്‍ (34), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി എം.കെ. അശ്വിന്‍ (24), സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ് (43), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ (33) മായനാട്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ സജിന്‍ (20) എന്നിവര്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി.