കോഴിക്കോട് മുക്കത്ത് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

കോഴിക്കോട് മുക്കത്ത് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. മുക്കം കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്.

ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ട വര്‍ഷമായി. പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. കൂളിമാട് നിന്നും മലപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് തകര്‍ന്ന് വീണത്.

2019ലാണ് നിര്‍മ്മാണം ആരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലന്‍ഡും സ്ഥാപിച്ചിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് നേരത്തെ നിര്‍മ്മാണം നിര്‍ത്തി വെച്ചിരുന്നു. ഊരാളുങ്കലിനാണ് നിര്‍മ്മാണത്തിന്റെ ചുമതല. കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.