തലശ്ശേരി – മാഹി ബൈപാസില്‍ നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു

കണ്ണൂരിലെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു. തലശേരി – മാഹി ബൈപാസിലെ പാലത്തിന്റെ ബീമുകളാണ് വീണത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. നാല് ബീമുകളാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30- ഓടെയാണ് ബീമുകള്‍ തകര്‍ന്നു വീണത്. ബീമുകള്‍ തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ബീം ചരിഞ്ഞതോടെ മറ്റു മൂന്ന് ബീമുകളും വീഴുകയായിരുന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു. ബീമുകള്‍ പരസ്പരം ലോക്ക് ചെയ്തിരുന്നില്ലെന്നും എ.എന്‍ ഷംസീര്‍ വിലയിരുത്തി.

പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല. 2018 ഒക്ടോബര്‍ 30-നാണ് ബൈപാസിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 30 മാസത്തെ നിര്‍മ്മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് ബൈപാസ് നിര്‍മ്മിക്കുന്നത്.

അതേസമയം നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. ബീമുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്.