മുഖ്യമന്ത്രിപദത്തിനായി പോര് മുറുകുന്നു; മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ, എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിപദത്തിനായി പോര് മുറുകുന്നു. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശൻ നിലപാടറിയിച്ചു. അതേസമയം മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ നേതാക്കൾ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം ചേരുന്നത്.

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശന്‍റെ വാദം. അതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി.