കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമെന്ന് റിപ്പോർട്ട്

അനുപമയും അച്ഛനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് റിപ്പോർട്ട്. പേരൂർക്കട ദത്ത് വിവാദത്തിൽ ടി.വി അനുപമ ഐ.എ.എസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് 24ന്യൂസ് റിപ്പോർട്ട് ചെയ്തു. അനുപമയ്ക്ക് ഇഷ്ടമുള്ളപ്പോൾ കുഞ്ഞിനെ തിരിച്ചെടുക്കാമെന്ന് വ്യവസ്ഥയിലാണ് കുഞ്ഞിനെ നൽകിയതെന്നും കരാറിലെ ഒപ്പ് അനുപമയുടേത് തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണെന്നും തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ ഒപ്പു വെപ്പിച്ചതെന്ന അനുപമയുടെ മൊഴിയും റിപ്പോർട്ടിൽ ഉണ്ട്.

ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ല്യുസിയ്ക്കും ഗുരുതര വീഴ്ചകൾ പറ്റിയെന്ന് നേരത്തെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി സമിതി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ എൻ സുനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

അതേസമയം ദത്ത് വിവാദ കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ജയചന്ദ്രൻ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ജയചന്ദ്രന് പുറമേ അനുപമയുടെ അമ്മ സഹോദരി, സഹോദരി ഭർത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിങ്ങനെ ആറ് പേരാണ് പ്രതികൾ. ഇവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ, അനുപമയെ തടങ്കലിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് പേരൂർക്കട പൊലീസ് അച്ഛൻ ജയചന്ദ്രനെതിരെ കേസെടുത്തത്.

കുഞ്ഞിനെ അനുപമയുടെ അനുവാദത്തോടെയാണ് ഏൽപ്പിച്ചതെന്നായിരുന്നു ജയചന്ദ്രന്റെ വാദം. എന്നാൽ തന്റെ കുഞ്ഞിനെ തന്റെ അനുവാദമില്ലാതെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് അനുപമ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഉന്നത സ്വാധീനമുള്ള വ്യക്തി എന്ന് നിലയ്ക്ക് ജാമ്യം നൽകിയാൽ കേസിനെ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ കോടതയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാൻ കോടതി ജയചന്ദ്രന് നിർദേശം നൽകിയിട്ടുണ്ട്.