തട്ടിക്കൊണ്ട് പോയ കുഞ്ഞിന് പേരിട്ടു,'അജയ', പേര് നിര്‍ദ്ദേശിച്ചത് എസ്‌.ഐ റെനീഷ്

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ്യ എന്ന് പേരിട്ടു. കുഞ്ഞിനെ കണ്ടെത്തി തിരികെ സുരക്ഷിത കരങ്ങളില്‍ എത്തിച്ച എസ്‌ഐ റെനീഷാണ് കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചത്. അതിജീവിച്ചവള്‍ എന്നാണ് അജയ്യ എന്നതിന്റെ അര്‍ത്ഥം. അമ്മയെയും കുഞ്ഞിനെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോട്ടയത്തെ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇവരെ ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. നഴ്‌സിന്റെ വേഷം വാങ്ങിയ സമീപത്തെ കടകയിലും താമസിച്ചിരുന്ന ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിവാഹ വാഗ്ദാനം നല്‍കി ഇബ്രാഹിം പണം തട്ടിയെന്ന് നീതു ആരോപിച്ചിരുന്നു. ഇബ്രാഹിമിനെതിരെ വഞ്ചനാക്കുറ്റം, ഗാര്‍ഹിക പീഡനം, ബാലപീഡന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 30 ലക്ഷം രൂപ പണവും സ്വര്‍ണ്ണവും ഇയാള്‍ വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പൊലീസിന് മൊഴി നല്‍കിയിരുന്നു. നീതുവിന്റെ ഏഴ് വയസ്സുള്ള മകനേയും ഇയാള്‍ ഉപദ്രവിച്ചിരുന്നു. ഇബ്രാഹിം ലഹരിക്കും അടിമയാണ്.

അതേസമയം കുട്ടിയെ തട്ടിയെടുത്ത് സംഭവത്തില്‍ ഇബ്രാഹിമിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജീവനക്കാരിയാണ്. ടിക് ടോക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കാമുകനെ ഭീഷണിപ്പെടുത്തുന്നതിനായി നീതുവാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ മോചിതയാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാളുമായി അടുപ്പത്തിലായത്. ഈ ബന്ധത്തില്‍ നീതു ഗര്‍ഭിണിയായെങ്കിലും അത് അലസിയ വിവരം മറച്ച് വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണിക്കുന്നതിനായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ഇതിനായി ജനുവരി നാലിന് നീതു കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ശിശുവിനെ മോഷ്ടിച്ച ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു നല്‍കുകയും ചെയ്തിരുന്നു.

കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെയ്ക്കല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.