'കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'; വി ഡി സതീശൻ

കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് വി ഡി സതീശൻ. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിന് പ്രാപ്‌തരാക്കിയത് ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരും ടീം യുഡിഎഫുമാണെന്നും അവരോട് തനിക്ക് കടപ്പാടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. പത്തുവർഷം നീണ്ട ഒരു ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയത്. അവർക്ക് നൽകിയ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി കഠിനാധ്വാനം ചെയ്ത് പൂർണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയെടുക്കാൻ പ്രയത്നിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Read more

കേരളത്തെ മാറ്റിയെടുക്കാൻ പുതിയ കേരളത്തെ സൃഷ്ടിക്കാൻ, ഒരു പുതുയുഗത്തിന് തുടക്കമിടാൻ കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ നിർവചനം മാറ്റിയെഴുതുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി ഒപ്പം നിൽക്കണമെന്നും കേരളത്തെ രക്ഷിച്ചെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. ഒറ്റക്ക് നിന്നാൽ ഒന്നും നടക്കില്ല. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.